ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണത്തിൽ വിശദികരണം നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. ആരോപണം കമ്മീഷൻ തള്ളി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നുവെന്നാണ് കമ്മിഷന്റെ വിശദീകരണം. അതിനു ശേഷം 3 ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടർമാർ എന്നും കമ്മിഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്. അതല്ലാതെ ഇവർ വോട്ട് ചെയ്തു എന്ന് വാർത്താകുറിപ്പിൽ പറഞ്ഞിട്ടില്ല. വോട്ടർമാരുടെ എണ്ണം വോട്ട് ചെയ്തു എന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിനു കാരണമായത്. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു ശേഷം 7.42 കോടി വോട്ടർമാരായിരുന്നു ബിഹാറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പിനു ശേഷമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത് 7,45,26,858 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ്.
മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകുമോയെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.