Share this Article
News Malayalam 24x7
ഇസ്രയേല്‍ - ഹമാസ് യുദ്ധം തുടങ്ങിയിട്ട് രണ്ടുവര്‍ഷം; സമാധാന ചർച്ചകളിൽ പ്രതീക്ഷയോടെ ലോകം
Israel-Hamas War

ലോക മനസാക്ഷിയെ ഞെട്ടിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2023 ഒക്ടോബർ 7-ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 67,000-ത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗാസ ഒരു ശ്മശാനഭൂമിയായി മാറിയപ്പോൾ, ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലും ദുരിതത്തിലുമാണ്.

2023 ഒക്ടോബർ 7-ന് ഇസ്രായേലിന്റെ സുരക്ഷാ മതിലുകൾ തകർത്തെറിഞ്ഞ് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് യുദ്ധത്തിന് തുടക്കമിട്ടത്. തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും സ്ഫോടനങ്ങളിലും 1,200-ഓളം പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഈ ആക്രമണത്തിന് ഹമാസ് 'ഓപ്പറേഷൻ അൽ-അക്സ ഫ്ലഡ്' എന്നാണ് പേരിട്ടിരുന്നത്. ഹമാസിന്റെ ഈ ആക്രമണം ഇസ്രായേലി ചാരസംഘടനയായ മൊസാദിനും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിനും മുൻകൂട്ടി കാണാൻ കഴിഞ്ഞിരുന്നില്ല. തൊട്ടുപിന്നാലെ, 'അയൺ സോർഡ്‌സ്' എന്ന പേരിൽ ഇസ്രായേൽ തിരിച്ചടി ആരംഭിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോകത്തെ അറിയിച്ചു.


പലസ്തീനിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഗാസ നഗരം ഇന്ന് പൂർണ്ണമായും തകർന്നടിഞ്ഞ് ശ്മശാനഭൂമിയായി മാറി. ഇതുവരെ 67,000 പലസ്തീൻകാർക്ക് ജീവൻ നഷ്ടപ്പെട്ടു, ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 20,000-ത്തോളം കുട്ടികൾ കൊല്ലപ്പെട്ടതായും മാധ്യമപ്രവർത്തകർക്കും ജീവൻ നഷ്ടപ്പെട്ടതായും കണക്കുകൾ പറയുന്നു. 1,62,000-ത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.


2.3 ദശലക്ഷം ജനങ്ങൾ താമസിച്ചിരുന്ന ഗാസയിൽ കര-വ്യോമാക്രമണങ്ങൾ രൂക്ഷമായി തുടർന്നു. 36 ആശുപത്രികളിൽ 34 എണ്ണവും പൂർണ്ണമായോ ഭാഗികമായോ നശിച്ചു. പ്രാഥമിക ചികിത്സ പോലും നൽകാനാകാതെ ചുരുക്കം ചില ആരോഗ്യ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്. ഇസ്രായേൽ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും നേരെ 400-ൽ അധികം ആക്രമണങ്ങൾ നടത്തി. കടുത്ത പട്ടിണിയിൽ 154 കുട്ടികൾ ഉൾപ്പെടെ 459 പേർ മരിച്ചെന്നാണ് ഹമാസിന്റെ കണക്ക്.


യുദ്ധം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ചില നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിച്ചിട്ടുണ്ട്. ചർച്ചകളിലൂടെ സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനത്തിന്റെ വഴി തുറക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories