ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പിണറായി വിജയൻ പറഞ്ഞു. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയ്ക്കും വിശ്വാസി സമൂഹത്തിനുമൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു."മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്," പിണറായി വിജയൻ പറഞ്ഞു."പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു," മുഖ്യമന്ത്രി അറിയിച്ചു.
ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയന്‍ ആയിരുന്നെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുശോചിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ. അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം. 21-ാം നൂറ്റാണ്ടില്‍ സമാധാനത്തിന്റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം എല്ലാവരേയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്റെ ഉടമ കൂടിയായിരുന്നു. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുതായും അദ്ദേഹം അനുശോചിച്ചു.
മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു. അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ മൂർത്തീഭാവമായിരുന്നു അദ്ദേഹം. സ്നേഹവും കരുതലും പ്രസരിപ്പിക്കുന്ന ഊഷ്മള സാന്നിധ്യമായിരുന്നു. ലോകത്തിന് ആത്മീയ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം അനുശോചിച്ചു.