ദുബായ് എയർഷോയ്ക്കിടെ തകർന്നു വീണ തേജസ് യുദ്ധവിമാനത്തിൻ്റെ അപകടത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. എഞ്ചിൻ തകരാർ ഉൾപ്പെടെയുള്ള സാധ്യതകളാണ് വ്യോമസേന പ്രാഥമികമായി പരിശോധിക്കുന്നത്. അപകടത്തിൽ വീരമൃത്യു വരിച്ച പൈലറ്റ് വിങ് കമാൻഡർ നമം ശ്യാമിൻ്റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും.
കഴിഞ്ഞ ദിവസമാണ് ദുബായ് എയർഷോയിലെ പ്രകടനത്തിനിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം തകർന്നു വീണത്. അഭ്യാസ പ്രകടനങ്ങൾക്കിടെ വിമാനം നിയന്ത്രണം വിട്ട് നിലംപതിക്കുകയായിരുന്നു. ഹിമാചൽ പ്രദേശ് സ്വദേശിയാണ് വിങ് കമാൻഡർ നമം ശ്യാം.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിൻ്റെ കാരണം കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണ്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതകൾ അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടുണ്ട്.
ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകിയിരുന്ന തേജസ് വിമാനത്തിൻ്റെ ഈ അപകടം വ്യോമസേനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. എയർഷോയിൽ വിദേശ രാജ്യങ്ങളുടെ പ്രതിരോധ മേധാവികളും ഉദ്യോഗസ്ഥരും തത്സമയം കണ്ടുനിർത്തിയ അപകടം വ്യോമസേനയെ ഞെട്ടിച്ചിട്ടുണ്ട്.