ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിൽ ഉപകരണം മറന്നുവെച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്ത് വെച്ചുകൊണ്ടായിരുന്നു പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം.
രാവിലെ എട്ടു മണിയോടെ മന്ത്രിയുടെ വീടിന് മുന്നിലെത്തിയ പ്രവർത്തകർ പോലീസിനെ വെട്ടിച്ച് വസതിയുടെ വാതിലിന് മുന്നിൽ റീത്ത് സമർപ്പിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ റീത്ത് നീക്കം ചെയ്യുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു.
തലസ്ഥാനത്തിന് പുറമെ പത്തനംതിട്ടയിലും കൊല്ലത്തും മന്ത്രിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറി. പത്തനംതിട്ട ജനറൽ ആശുപത്രിയുടെയും സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറി. മന്ത്രി പങ്കെടുത്ത യോഗം കോൺഗ്രസ് കൗൺസിലർമാർ ബഹിഷ്കരിച്ചു. ഇതിനിടെ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. കൊല്ലത്ത് ഡി.എം.ഒ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
വസതിക്ക് നേരെയുണ്ടായ അതിക്രമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശപ്രകാരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോപിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ സംഭവത്തിൽ ഒരു മന്ത്രി എന്ന നിലയിൽ സ്വീകരിക്കേണ്ട എല്ലാ നടപടികളും താൻ സ്വീകരിച്ചിട്ടുണ്ട്. തെറ്റായ വാർത്തകൾ നൽകി മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ഇത്തരം ഭീഷണികൾ കണ്ട് താൻ ഭയപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടയിൽ സംസ്ഥാനത്തെ ആരോഗ്യ മേഖല പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. വണ്ടാനത്തെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും കോഴിക്കോട് ഹർഷിനയുടെയും വയനാട്ടിലെയും സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രി രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും പ്രവർത്തകർ വ്യക്തമാക്കി.