Share this Article
KERALAVISION TELEVISION AWARDS 2025
വരവ് കുറഞ്ഞു; തക്കാളി വില വീണ്ടും സെഞ്ചുറിയടിച്ചു
വെബ് ടീം
posted on 07-10-2024
1 min read
TOMATO PRICE

കൊച്ചി: രാജ്യത്ത് തക്കാളി വില വീണ്ടും സെഞ്ചുറി അടിച്ചു.കേരളത്തിൽ ഹോൾസെയിൽ വില കിലോയ്ക്ക് 75 രൂപയും ചില്ലറ വില 85-90 രൂപ നിരക്കിലുമാണ്. ഉൾനാടൻ കടകളിൽ വില 100 രൂപയ്ക്കടുത്തുമായിട്ടുണ്ട്. ഓണക്കാലത്തിന് പിന്നാലെയാണ് കേരളത്തിൽ തക്കാളി വില കുതിപ്പ് തുടങ്ങിയത്. ഓണത്തിന് വില കിലോയ്ക്ക് 20-25 രൂപയായിരുന്നു. സെപ്റ്റംബറിലെ അവസാന ആഴ്ചയിലാണ് വില കിലോയ്ക്ക് 60 രൂപ കടന്നത്. തുടർന്ന്, ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 രൂപയ്ക്ക് അടുത്തുമെത്തി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വില വർധന കൂടാൻ കാരണം. പ്രമുഖ ഉൽപാദന സംസ്ഥാനമായ മഹാരാഷ്ട്രയിലെ നാസിക്കിൽ തക്കാളി  വിളവിൽ ഉണ്ടായ കുറവാണ് വില കുതിക്കാൻ മുഖ്യകാരണം. കാലംതെറ്റിയുള്ള മഴയും വൈറസ് ആക്രമണവും ഉൽപാദനത്തെ ബാധിച്ചു. നാസിക്കിൽ 20 കിലോ വരുന്ന പെട്ടിക്ക് വില ഇപ്പോൾ 1,500-1,600 രൂപയാണ്. മഹാരാഷ്ട്രയിൽ ചില്ലറവില 100-120 രൂപ നിരക്കിലുമാണുള്ളത്. മഴക്കെടുതിയിൽ ഭൂരിഭാഗം വിളവും നശിച്ചുവെന്ന് നാഷിക്കിലെ കർഷകർ പറയുന്നു. ഇതാണ് ഒറ്റയാഴ്ച കൊണ്ട് വില റോക്കറ്റിലേറാനും കാരണം.

ഉത്തരേന്ത്യയിൽ നവരാത്രി, ദസ്സറി, ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായെന്നിരിക്കേ വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. ഈ വർഷം ജൂണിലും തക്കാളി വില കിലോയ്ക്ക് 100 രൂപ കടന്നിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories