Share this Article
News Malayalam 24x7
ലഡാക്ക് സംഘർഷം; പ്രക്ഷോഭത്തില്‍ കൂടുതല്‍ നടപടികള്‍ക്ക് ഒരുങ്ങി കേന്ദ്രം
Ladakh Protests

ലഡാക്കിന് സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാർ നടപടികൾ ശക്തമാക്കുന്നു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെതിരെയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ്ചുക് നേതൃത്വം നൽകുന്ന എൻജിഒയുടെ FCRA ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

FCRA നിയമത്തിലെ നിരവധി ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.വിദേശ സംഭാവന ചട്ടം ലംഘിച്ച് വൻതോതിൽ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്നുമുള്ള പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോനം വാങ്ചുക്കിന്റെ ഓഫീസിലെത്തി അന്വേഷണ സംഘം രേഖകൾ പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ സാധ്യതയുണ്ട്.


ലഡാക്കിൽ നടന്ന പ്രക്ഷോഭത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് ലേയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.അഞ്ച് പേരിൽ കൂടുതൽ ഒത്തുകൂടരുതെന്നും മുൻകൂർ അനുമതിയില്ലാതെ പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടത്തരുതെന്നും നിർദേശങ്ങളുണ്ട്.


സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നും അതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. എന്നാൽ ലഡാക്കിലെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ "ബലിയാടാക്കാനുള്ള തന്ത്രമാണിതെന്ന്" സോനം വാങ്ചുക്ക് ആരോപണങ്ങൾ തള്ളിപ്പറഞ്ഞു. ലഡാക്കിന്റെ ആവശ്യങ്ങൾ ഭരണഘടനക്ക് പുറത്തുള്ളതല്ലെന്നും ബിജെപി അവരുടെ പ്രകടന പത്രികകളിൽ ആവർത്തിച്ച് വാഗ്ദാനം ചെയ്ത കാര്യമാണ് ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories