Share this Article
സ്കൂൾ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
വെബ് ടീം
posted on 23-08-2023
1 min read

ആലപ്പുഴ വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ബിഹാറിലെ കോങ്‌വാഹ് സ്വദേശി കുന്തന്‍കുമാര്‍ (27) ആണ് പിടിയിലായത്. 

ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ പെൺകുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരിയുടെ തക്കസമയത്തെ ഇടപെടൽ രക്ഷപെടാൻ സഹായകമായി എന്നാണ് റിപ്പോർട്ട്.ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ വട്ടക്കാട് ഭാഗത്തായിരുന്നു സംഭവം ഉണ്ടായത്.

പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുന്ദൻകുമാർ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കൈയിലേക്ക് ഇയാൾ നൂറ് രൂപ ബലമായി നൽകാൻ ശ്രമിച്ചെങ്കിലും വാങ്ങിയില്ല. കൂടെയുണ്ടായിരുന്ന കുട്ടി എതിർത്തു.വീണ്ടും ഇവരുടെ സമീപത്തേക്ക് ഇയാൾ എത്തിയതോടെ കുട്ടികൾ ഒരുനിമിഷം പാഴാക്കാതെ സമീത്തുള്ള കടയിലേക്ക് ഓടിക്കയറി.ഇവർ സമീപത്തുണ്ടായിരുന്നവരെയും കൂട്ടി കുന്ദൻകുമാറിനെ തടഞ്ഞുവെച്ചു വള്ളികുന്നം പൊലീസിന് കൈമാറുകയായിരുന്നു.

മേസ്തിരി പണിക്കാരനായ പ്രതി സംഭവം നടന്നതിന് സമീപം തന്നെയാണ് താമസിക്കുന്നത്. സ്കൂൾ വിട്ട് വരുന്ന കുട്ടികളെ സ്ഥിരം നിരീക്ഷിക്കുമായിരുന്നെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഒറ്റക്ക് വന്ന കുട്ടിക്ക് ഇയാൾ ജ്യൂസ് വാങ്ങി നൽകി പരിചയം സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച ഇതേസമയം കാത്തുനിൽക്കുമ്പോൾ ലക്ഷ്യമിട്ട കുട്ടിക്ക് ഒപ്പം കൂട്ടുകാരിയും ഉണ്ടായതാണ് രക്ഷയായത്. പണം നൽകാൻ ശ്രമിച്ച ഇയാളോട് കയർത്ത കൂട്ടുകാരിയുടെ ഇടപെടലാണ് രക്ഷതേടി സമീപത്തെ കടയിലേക്ക് പോകാൻ കാരണമായത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ ആരോഗ്യ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷികുന്നുണ്ട്. ഒന്നര മാസം മുമ്പാണ് ഇയാൾ ഇവിടെ ജോലി തേടി എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories