Share this Article
News Malayalam 24x7
ADM നവീന്‍ ബാബുവിൻ്റെ മരണം; ഹർജിയിൽ വിധി ഇന്ന്
Naveen Babu Case

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിലവിലെ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം കോടതിയെ സമീപിച്ചത്.


പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 13 പ്രധാന വീഴ്ചകളുണ്ടെന്നാണ് മഞ്ജുഷ ഹർജിയിൽ ആരോപിക്കുന്നത്. അന്വേഷണം അപൂർണ്ണമാണെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ ഉൾപ്പെട്ട ഉന്നതർക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.


അതേസമയം, പരാതിയിൽ പറയുന്ന കാര്യങ്ങളിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ നൽകിയിരിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിനു മോഹനാണ് കഴിഞ്ഞ മാസം ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വാദം.


2024 ഒക്ടോബർ 15-നാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തിൽ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം. കേസിൽ പി.പി. ദിവ്യയെ പ്രതിയാക്കി പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇന്ന് കോടതി പുറപ്പെടുവിക്കുന്ന വിധി ഈ കേസിന്റെ ഭാവിയിൽ നിർണ്ണായകമാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories