രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഡൽഹിയിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത് എന്നതുകൊണ്ട് തന്നെ ഈ വരവിന് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.
റഷ്യയിൽ നിന്നുള്ള എണ്ണ, സൈനിക ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി കുറയ്ക്കാൻ അമേരിക്ക ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തുന്ന നിർണ്ണായക സാഹചര്യത്തിലാണ് പുടിന്റെ സന്ദർശനം. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ നിന്ന് ഇന്ത്യ-റഷ്യ വ്യാപാരത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികളാകും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലെ പ്രധാന വിഷയം. പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ആണവോർജ്ജ ഉൽപ്പാദനത്തിനായി ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. ഇറക്കുമതി, വ്യാപാര മേഖലകളിലെ തടസ്സങ്ങൾ നീക്കുന്നതിനും കൂടിക്കാഴ്ചയിൽ മുൻഗണന നൽകും.