ബുലവായോ: അണ്ടർ 19 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ മുന്നോട്ട്. മഴനിയമ പ്രകാരം പുനഃക്രമീകരിച്ച മത്സരത്തിൽ 18 റൺസിനാണ് ഇന്ത്യയുടെ ജയം. ബംഗ്ലാദേശിന് വിജയലക്‌ഷ്യം 29ഓവറിൽ 165ആയി പുനഃക്രമീകരിചിരുന്നു.ബംഗ്ലാദേശിനായി ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീം അർദ്ധ സെഞ്ചുറി നേടി.റിഫാത് ബെഗ് 37റൺസും നേടി. ഇന്ത്യയ്ക്കായി ഖിലാൻ എ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി. വൈഭവ് സൂര്യവംശിയുടെ ത്രസിപ്പിക്കുന്ന ക്യാച്ചും ഇന്ത്യൻ ഫീൽഡിങ്ങിൽ ഉണ്ടായിരുന്നു.
നേരത്തെ ടോസ് ഇടാനെത്തിയപ്പോൾ ഇന്ത്യ ബംഗ്ലാദേശ് ക്യാപ്റ്റന്മാർ പരസ്പരം കൈകൊടുക്കാൻ തയാറായില്ല.ഇത് ബംഗ്ലദേശും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ സൂചനയുമായി. അണ്ടർ 19 ലോകകപ്പ് ഗ്രൂപ്പ് എ-യിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും (72) അഭിഗ്യാൻ കുണ്ടുവും (80) അർധസെഞ്ചുറി നേടി. 67 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.ബംഗ്ലാദേശിനെതിരായ അർധ സെഞ്ചുറി പ്രകടനത്തോടെ മറ്റൊരു റെക്കോഡ് നേട്ടത്തിൽ 14-കാരൻ വൈഭവ് സൂര്യവംശി. അണ്ടർ 19 ഏകദിനങ്ങളിൽ ഒരു ഇന്ത്യക്കാരൻ നേടിയ ഏറ്റവും കൂടുതൽ റൺസെന്ന വിരാട് കോലിയുടെ റെക്കോഡ് വൈഭവ് മറികടന്നു. 19 യൂത്ത് ഏകദിനങ്ങളിൽനിന്നായി വൈഭവ് ഇതിനകം 990 റൺസ് നേടി. കോലിയുടെ 978 റൺസെന്ന റെക്കോഡാണ് മറികടന്നത്.
ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താരം, ടി20-യിൽ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ താരം എന്നീ റെക്കോഡുകളും വൈഭവ് നേരത്തേ സ്വന്തമാക്കിയതാണ്. രാജസ്ഥാൻ റോയൽസിനായി 35 പന്തിൽ 100 റൺസാണ് താരം നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡുമുണ്ട്. 14 വയസ്സും 272 ദിവസവും പ്രായമുള്ളപ്പോൾ 84 പന്തിൽ 190 റൺസ് നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ചു. ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചുറി വൈഭവിന്റെ പേരിലാണ്. ബിഹാറിനായി ഏറ്റവും പ്രായംകുറഞ്ഞ രഞ്ജി ട്രോഫി അരങ്ങേറ്റക്കാരനായ വൈഭവ്, 12-ാം വയസ്സിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ആദ്യമായി കളിക്കുന്നത്.