Share this Article
News Malayalam 24x7
തിലക് വർമ ഒറ്റയ്ക്ക് നിന്ന് പൊരുതി; പ്രോട്ടീസ് ജയം പിടിച്ചെടുത്തു
വെബ് ടീം
posted on 11-12-2025
1 min read
cricket

മൊഹാലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇതോടെ പ്രോട്ടീസ് പരമ്പരയിൽ ഒപ്പത്തിനൊപ്പമായി. തിലക് വർമ്മ ഒരറ്റത്ത് പിടിച്ചു നിന്നെങ്കിലും പോരാട്ടം വിജയത്തിലെത്തിക്കാൻ പര്യാപ്‌തമായില്ല. തിലക് വർമ്മ 34 പന്തിൽ 62റൺസ് നേടി. സഞ്ജുവിന് പകരമെത്തിയ  ജിതേഷ് ശർമ്മ 17പന്തിൽ 27റൺസ് നേടി.

ചണ്ഡിഗഡിലെ മുല്ലൻപുർ സ്റ്റേഡിയത്തിൽ നടന്ന പുരുഷ ക്രിക്കറ്റിലെ ആദ്യ രാജ്യാന്തര മത്സരത്തിൽ 51 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളടയങ്ങിയ പരമ്പരയിൽ1–1നു ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. മൂന്നാം മത്സരം 14ന് ധരംശാലയിൽ.

പതിവു പോലെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വന്നപോലെ പോയെങ്കിലും ടീമിനു വേണ്ടി പൊരുതാൻ കുറച്ചു താരങ്ങളെങ്കിലും ഉണ്ടെന്ന് ഇന്ത്യയ്ക്ക് ആശ്വസിക്കാം. മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചറി നേടിയ തിലക് വർമ (34 പന്തിൽ 62)  ആണ് ഇന്ത്യയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ തിലക്, അഞ്ച് സിക്സറുകളും രണ്ടു ഫോറുമാണ് അടിച്ചത്. നാലാം വിക്കറ്റിൽ അക്ഷറുമായി ചേർന്ന് 35 റൺസിന്റെയും അഞ്ചാം വിക്കറ്റിൽ ഹാർദിക്കുമായി ചേർന്ന് 51 റൺസിന്റെയും ആറാം വിക്കറ്റിൽ ജിതേഷുമായി ചേർന്ന് 39 റൺസിന്റെയും കൂട്ടുകെട്ട് തിലക് ഉണ്ടാക്കി. എന്നാൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ അതു പര്യാപ്തമായിരുന്നില്ല.ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ (0) ഗോൾഡൻ ഡക്കായി മടക്കി ലുങ്കി എൻഗിഡി ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചിരുന്നു. അതിൽനിന്നു കരകയറാൻ ഇന്ത്യയ്ക്ക് ഒരിക്കലുമായില്ല. പിന്നീട് ക്രീസിലെത്തിയത് മൂന്നാമനായി പ്രമോഷൻ കിട്ടിയ അക്ഷർ പട്ടേലാണ്. ഒരറ്റത്ത് അക്ഷർ നിലയുറപ്പിച്ചെങ്കിലും പവർപ്ലേ അവസാനിക്കും മുൻപ് അഭിഷേക് ശർമയും (17), ക്യാപ്റ്റൻ സൂര്യകുമാർ യാദവും (5) പുറത്തായി. പിന്നീടാണ് അക്ഷറും തിലകും ഒന്നിച്ചത്. 21 പന്തിൽ 21 റൺസെടുത്ത അക്ഷറിനെ എട്ടാം ഓവറിൽ ഒട്ട്‌നീൽ ബാർട്ട്‌മാനാണ് പുറത്താക്കിയത്. പിന്നീട് ഹർദിക് പാണ്ഡ്യ (23 പന്തിൽ 20), ജിതേഷ് ശർമ (17 പന്തിൽ 27) എന്നിവർ തിലകുമായി ചേർന്നു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകൾ വീണത്. ശിവം ദുബെ (1), അർഷ്ദീപ് സിങ് (4), വരുൺ ചക്രവർത്തി (0), ജസ്പ്രീത് ബുമ്ര (0*) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ സ്കോറുകൾ.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories