കട്ടക്: അഞ്ചു മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ പ്രോട്ടീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം. മുൻനിര തകർന്ന് വീണിട്ടും ഒറ്റയാൾ പോരാട്ടം നടത്തിയ ഹാർദിക് പാണ്ഡ്യായുടെ കിടിലൻ അർധശതകത്തിന്റെ ബലത്തിൽ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന്റെ എല്ലാ ബാറ്റർമാരും വെറും 74 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 101 റൺസിന്റെ തകർപ്പൻ ജയം. പരമ്പരയിൽ ഇതോടെ മുന്നിലുമായി.
22റൺസ് നേടിയ ഡീവാൾഡ് ബ്രെവിസ് അൽപനേരം പിടിച്ചു നിൽക്കാൻ ശ്രമിച്ചു.14 റണ്‍സ് വീതമെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്.രണ്ട് വിക്കറ്റോടെ ബുമ്രയും അക്സറും വരുൺ ചക്രവർത്തിയും അർഷദീപും ചേർന്ന് പ്രോട്ടീസ് പതനം പൂർത്തിയാക്കി.
25 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച മുള്ളന്‍പൂരില്‍ നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 175-6, ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74ന് ഓള്‍ ഔട്ട്.