Share this Article
image
അഞ്ചാം തവണയും ഐപിഎല്ലില്‍ മുത്തമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്; 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ IPL താരമെന്ന റെക്കോര്‍ഡ് ധോണിക്ക്
വെബ് ടീം
posted on 30-05-2023
1 min read

രണ്ട് ദിനമായി മഴ കളിച്ച ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കിരീടം. ഇതോടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്‌കെ, ഇന്നിംഗ്‌സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു.സിഎസ്‌കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുഹമ്മദ് ഷമിയുടെ മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഈസമയം നാല് റണ്‍സുമായി റുതുരാജ് ഗെയ്ക്വാദും അക്കൗണ്ട് തുറക്കാതെ ദേവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. ഔട്ട്ഫീല്‍ഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ മത്സരം പുനരാരംഭിക്കാന്‍ വൈകി. ഇതോടെ ഏറെ നേരം നഷ്ടമായതിനാല്‍ മത്സരം 15 ഓവറായി ചുരുക്കുകയായിരുന്നു. മഴ മാറി എത്തിയ ചെന്നൈ, ആരാധകരെ പോലും ഞെട്ടിക്കുന്നപ്രകടനമാണ് കാഴ്ചവെച്ചത്.

ഓപ്പണര്‍മാരായ കോണ്‍വെയും ഗെയിക് വാദും ഗുജറാത്ത് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികള്‍ ഒന്നിനു പിറകെ ഒന്നായി പറന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ തന്നെ ചെന്നൈയുടെ സ്‌കോര്‍ 70 റണ്‍സിന് മുകളിലായിരുന്നു. എന്നാല്‍ ഏഴാം ഓവറില്‍ നൂര്‍ അഹമദ് ചെന്നൈ കിരീടസ്വപ്നത്തിന് കരിനിഴല്‍ വീഴ്ത്തി പിഴുതെടുത്തത് രണ്ട് പ്രധാന വിക്കറ്റുകളാണ്. 25 ബോളില്‍ 47 റണ്‍സെടുത്ത കോണ്‍വെയും 16 ബൗളില്‍ 26 റണ്‍സെടുത്ത ഗെയ്ക്വാദിനെയുമാണ് നൂര്‍ കൂടാരം കയറ്റിയത്. എന്നാല്‍ പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെ കളി ഏറ്റെടുത്തു. ആദ്യ നാല് ബോളില്‍ തന്നെ രണ്ട് സിക്സറുകള്‍ പറത്തി കളി വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. നൂറിന്റെ ഓവര്‍ പിന്നെയും ചെന്നൈയെ വരിഞ്ഞുമുറുക്കി. റണ്‍വേഗം കുറഞ്ഞു. വീണ്ടും രഹാനെ കളി തിരിച്ച് ചെന്നൈക്ക് അനുകൂലമാക്കി മാറ്റി. അതിന് മോഹിത്തിന്റെ ഓവര്‍ വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. വിജയ് ശങ്കറിന്റെ കയ്യിലവാസാനിച്ച രഹാനെ 13 ബോളില്‍ നിന്ന് 27 റണ്‍സാണ് സംഭാവന ചെയ്തത്. 12ാം ഓവറില്‍ ശിവം ദുബെ റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി കളി ചെന്നൈക്ക് അനുകൂലമാക്കി. 18 ബോളില്‍ 39 റണ്‍സ് എന്ന ജയിക്കാനാവുമെന്ന സ്ഥിതിയിലേക്ക് ചെന്നൈ എത്തി. മോഹിത്തിനെ തുടരെ തുടരെ സിക്‌സറിന് പറത്തി റായുഡുവും ദുബെക്ക് കൂട്ടായി തകര്‍ത്തടിച്ചു. എട്ട് ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് റായുദു മടങ്ങി. പിന്നാലെ എത്തിയ ധോണിയെ വന്നവേഗത്തില്‍ തന്നെ മോഹിത് മടക്കി. ഇതോടെ ഗുജറാത്ത് കളി തിരിച്ചുപിടിച്ചു.

മോഹിത് ശര്‍മ്മ വീണ്ടും പന്തെടുത്തപ്പോള്‍ അവസാന ഓവറില്‍ ദുബെയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ സിഎസ്‌കെയ്ക്ക് 13 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഫോറോടെ ജഡേജ സിഎസ്‌കെയ്ക്ക് അഞ്ചാം കിരീടം സമ്മാനിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് എം എസ് ധോണി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories