ദുബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന സെമി ഫൈനല്‍ പോരാട്ടത്തില്‍ 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഓപ്പണിങ് ബാറ്റർമാരായ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശിയും ആയുഷും രണ്ടക്കം കടക്കാതെ പുറത്തായപ്പോൾ മലയാളിയായ ആരോൺ വർഗീസും വിഹാൻ മൽഹോത്രയും ആണ് അർദ്ധ സെഞ്ചുറികളോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് നൂറിലധികം റൺസിന്റെ പാർട്ണർഷിപ്പ് ഉണ്ടാക്കി.
മഴയെ തുടര്‍ന്നു 20 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് കണ്ടെത്തി.ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു മണിക്കൂറുകള്‍ നഷ്ടമായതിനെ തുടര്‍ന്നാണ് പോരാട്ടം 20 ഓവര്‍ ആക്കിയത്.ഇന്ത്യയ്ക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തി. ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കിഷന്‍ സിങ്, ദീപേഷ് ദേവേന്ദ്രന്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.ശ്രീലങ്കന്‍ നിരയില്‍ 42 റണ്‍സെടുത്ത ചമിക ഹീനാതിഗലയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിനത് ദിന്‍സാര 32 റണ്‍സെടുത്തു. വാലറ്റത്ത് 22 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് എടുത്ത സെത്മിക സെനവിരത്‌നെയാണ് സ്‌കോര്‍ 100 കടത്തിയത്. 19 റണ്‍സെടുത്ത ഓപ്പണര്‍ വിരാന്‍ ചമുദിതയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.