സ്പാനിഷ് ലാലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയ്ക്ക് ആവേശവിജയം. ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ ബാഴ്സ കീഴടക്കിയത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ കുതിപ്പ്. റയലിന് വേണ്ടി സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഹാട്രിക്ക് നേടിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ബാഴ്സക്കായി റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി തിളങ്ങി. എറിക്ക് ഗാര്‍ഷ്യ, ലമീന്‍ യമാല്‍ എന്നിവരും റയലിന്റെ വല കുലുക്കി. ജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ബാഴ്സ അടുത്തു. 35 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുകളാണ് ബാഴ്സയുടെ സമ്പാദ്യം. രണ്ടാമതുള്ള റയലിനേക്കാള്‍ ഏഴ് പോയിന്റ് മുന്നിലാണ് ബാഴ്‌സ. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം കൂടി നേടിയാല്‍ ബാഴ്‌സയ്ക്ക് ലാ ലിഗ ചാമ്പ്യന്മാരാകാം.