Share this Article
News Malayalam 24x7
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്സ് പോരാട്ടം
Gujarat Titans vs Punjab Kings today in Indian Premier League

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്‌സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബിറങ്ങുമ്പോള്‍ മൂന്നാം ജയമാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. 

ജയത്തോടെ സീസണ്‍ ആരംഭിച്ച പഞ്ചാബ് കിങ്‌സിന് പിന്നീട് അടിപതറുകയായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെയാണ് ഗുജറാത്തിനെതിരെയിറങ്ങുന്നത്.

ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ധവാനൊപ്പം ലിവിങ്‌സ്റ്റണ്‍, പ്രഭ്‌സിമ്രാന്‍ സിംങ്, ജിതേഷ് ശര്‍മ്മ, സാം കരണ്‍ എന്നിവര്‍ ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തം. മധ്യനിരയില്‍ കരുത്തനായ ജോണി ബെയര്‍സ്‌റ്റോ സ്‌കോറുയര്‍ത്താന്‍ സഹായിക്കും.

അര്‍ഷ്ദീപ് സിംങ് നയിക്കുന്ന ബൗളിങ് നിരയില്‍ സാം കരണും കാഗീസോ റബദയും ടീമിന് പ്രതീക്ഷ നല്‍കുന്നു. മറുവശത്ത് മുംബൈയെയും ഹൈദരബാദിനെയും തകര്‍ത്ത ഗുജറാത്ത് ചെന്നൈക്കെതിരെ തോല്‍വി വഴങ്ങിയിരുന്നു.

ശുഭ്മാന്‍ ഗില്‍ നയിക്കുന്ന  ടീമില്‍ സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ എന്നിവരാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. ഓള്‍ റൗണ്ട് നിരയില്‍ അസ്മത്തുള്ള ഒമര്‍സായി കരുത്താകും.  സ്‌പെന്‍സര്‍ ജോണ്‍സണ്‍, അസ്മത്തുള്ള ഒമര്‍സായ്, ഉമേഷ് യാദവ് എന്നിവരിലാണ് ഗുജറാത്തിന്റെ ബൗളിങ് പ്രതീക്ഷ.

ഇരുടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണയും വിജയം ഗുജറാത്തിനായിരുന്നു. ഒരു മത്സരത്തിലാണ് പഞ്ചാബ് ജയിച്ചത്. ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ ബാറ്റിങ്ങിന് അനുകൂലമായ ഹൈദരാബാദിലെ പിച്ചില്‍ റണ്ണൊഴുകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.     

   
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories