സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.
അലക്‌സ് കാരിയെ പുറത്താക്കാനായി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.'കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തി, ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാൽ, പരിക്ക് ഭേദമാകുന്നതനുസരിച്ച് ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തിൽ തുടരും.' വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.