കൊളംബോ: വനിതാ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഏറ്റുമുട്ടിയ ടൂര്‍ണമെന്റില്‍ ഇന്ത്യയും ശ്രീലങ്കയുമാണ് ഫൈനല്‍ പോരിനിറങ്ങിയത്. മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ 97 റണ്‍സിനു വീഴ്ത്തി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി. ശ്രീലങ്കയുടെ പോരാട്ടം 48.2 ഓവറില്‍ 245 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ മിന്നും ജയം പിടിച്ചത്. ഒപ്പം കിരീട നേട്ടവും.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്‌നേഹ് റാണ, 3 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ അമന്‍ജോത് കൗര്‍ എന്നിവരുടെ മിന്നും ബൗളിങ് ലങ്കയുടെ അടി തെറ്റിച്ചു. ശ്രീചരണി ഒരു വിക്കറ്റെടുത്തു. രണ്ട് താരങ്ങള്‍ റണ്ണൗട്ടായി.ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് ലങ്കന്‍ വനിതകളിലെ ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 51 റണ്‍സാണ് ചമരി കണ്ടെത്തിയത്. നിലാക്ഷിക സില്‍വ (48), വിഷ്മി ഗുണരത്‌നെ (36), അനുഷ്‌ക സഞ്ജീവനി (28), സുഗന്ധിക കുമാരി (27), ഹര്‍ഷിത സമരവിക്രമ (26) എന്നിവരാണ് പൊരുതി നിന്ന മറ്റുള്ളവര്‍.വനിതാ ഏകദിനത്തില്‍ കരിയറിലെ 11ാം സെഞ്ച്വറിയടിച്ച സ്മൃതി മന്ധാനയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ ഉയര്‍ത്തിയത്. 101 പന്തുകള്‍ നേരിട്ട് 15 ഫോറും 2 സിക്സും സഹിതം സ്മൃതി 116 റണ്‍സെടുത്തു.
ഇതോടെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് പട്ടികയില്‍ സ്മൃതി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ ടാമ്മി ബ്യുമോണ്ടിനെ പിന്തള്ളിയാണ് താരത്തിന്റെ നേട്ടം. ഇരുവരും 10 വീതം സെഞ്ച്വറികളുമായി ഒപ്പം നില്‍ക്കുകയായിരുന്നു. 15 സെഞ്ച്വറികളുമായി മെഗ് ലാന്നിങാണ് ഒന്നാമത്. 13 സെഞ്ച്വറികളുമായി സുസി ബെയ്റ്റ്സ് രണ്ടാമത്.ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതിക റാവല്‍ (30), ഹര്‍ലീന്‍ ഡിയോള്‍ (47), ഹര്‍മന്‍പ്രീത് കൗര്‍ (41), ജെമിമ റോഡ്രിഗസ് (44) എന്നിവരും ഇന്ത്യക്കായി മികച്ച സംഭാവന നല്‍കി.ലങ്കന്‍ നിരയില്‍ മല്‍കി മദര, ഡെവ്മി വിഹംഗ, സുഗന്ധിക കുമാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇനോക രണവീര ഒരു വിക്കറ്റെടുത്തു.