ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിലും പാകിസ്ഥാനെതിരെ സൂപ്പർ വിജയം. ക്യാപ്റ്റൻ സൂര്യകുമാറും സംഘവും ആറു വിക്കറ്റിനാണ് പാക്കിസ്ഥാനെ തകർത്തത്. നേരത്തെ ടോസ് നഷ്ടപെട്ട് പാകിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി തികച്ച അഭിഷേക് ശർമയും ഗില്ലിന്റെ ഇന്നിങ്സുമാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് ഇന്ത്യ മറുപടി ബാറ്റിംഗ് തുടങ്ങിയത്. ഷഹീന്‍ അഫ്രീദിയെ അഭിഷേക് ശര്‍മയാണ് ഗാലറിയിലേക്ക് പറത്തിയത്.. അഭിഷേകും ശുഭ്മാന്‍ ഗില്ലും തലങ്ങും വിലങ്ങും പന്ത് പായിച്ചു.ആറോവറില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. എട്ടാം ഓവറില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. അഭിഷേകിനൊപ്പം ഗില്ലും കത്തിക്കയറിയതോടെ ഇന്ത്യ ഒമ്പതാം ഓവറില്‍ തന്നെ നൂറുകടന്നു. എന്നാല്‍ പത്താം ഓവറില്‍ പാകിസ്താന് ബ്രേക്ക് ത്രൂ കിട്ടി. ഫഹീം അഷ്‌റഫ് ഗില്ലിനെ ബൗള്‍ഡാക്കി. 28 പന്തില്‍ നിന്ന് 47 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. പിന്നാലെ നായകൻ സൂര്യകുമാർ യാദവും പുറത്തായി. താരം ഡക്കായി മടങ്ങി.
ടീം സ്കോർ 123-ല്‍ നില്‍ക്കേ അഭിഷേക് ശര്‍മയും പുറത്തായത് ഇന്ത്യയെ അല്‍പ്പം പ്രതിരോധത്തിലാക്കി. 39 പന്തില്‍ നിന്ന് 74 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. അതിനിടെ സഞ്ജുവിനെ (13) ഹാരിസ് റൗഫ് ബൗൾഡാക്കി. എന്നാൽ തിലക് വർമയും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു.പാകിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണെടുത്തത്.