മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20-യില്‍ ഹേസൽവുഡ് കൊടുംകാറ്റിൽ ആടിയുലഞ്ഞ് തുടങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര ഒടുവിൽ 125 റണ്‍സിന് ഓള്‍ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് എല്ലാവരും പുറത്തായി.അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെയും 35 റണ്‍സടുത്ത ഹര്‍ഷിത് റാണയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കടന്നതും ഇരുവരും മാത്രം. 37 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 68 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.അഭിഷേകിന്റെ വെടിക്കെട്ടോടെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കം. എന്നാല്‍ മൂന്നാം ഓവര്‍ മുതല്‍ വിക്കറ്റ് വീഴ്ചയാരംഭിച്ചു. 10 പന്തില്‍ നിന്ന് അഞ്ചു റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് ആദ്യം പുറത്തായത്. പിന്നാലെ സ്ഥാനക്കയറ്റം കിട്ടി മൂന്നാമതെത്തിയ സഞ്ജുവും (2) വന്നപാടേ മടങ്ങി. തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), തിലക് വര്‍മ (0), അക്ഷര്‍ പട്ടേല്‍ (7) എന്നിവരും ഡഗ്ഔട്ടിലെത്തിയതോടെ 7.3 ഓവറില്‍ ഇന്ത്യ അഞ്ചിന് 49 റണ്‍സെന്ന പരിതാപസ്ഥിതിയിലേത്തി.എന്നാല്‍ ആറാം വിക്കറ്റില്‍ അഭിഷേകിന് കൂട്ടായെത്തിയ ഹര്‍ഷിത്റാണ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നെടുത്ത 56 റണ്‍സാണ് ഇന്ത്യയെ 100 കടത്തിയത്. ഹര്‍ഷിത് 33 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്ത് പുറത്തായി.
ഓസ്ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സേവിയര്‍ ബാര്‍ട്‌ലെറ്റും നഥാന്‍ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.