ന്യൂഡൽഹി: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ(ഇപിഎൽ)ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചു.ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഇപിഎല്ലിന്‍റെ പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തത്. ഇപിഎല്ലിന്‍റെ ബ്രാൻഡ് പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തുടനീളമുള്ള ആരാധകരുമായി സംവദിക്കുന്നതിലും സഞ്ജു നിർണായക പങ്ക് വഹിക്കുമെന്ന് പ്രീമിയർ ലീഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി, മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ആരാധക കൂട്ടായ്മയിൽ സാംസൺ മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ സ്‌ട്രൈക്കറുമായിരുന്ന മൈക്കൽ ഓവനും സംവദിച്ചു.നെസ്കോ സെന്‍ററിൽ നടന്ന ഫാൻ-പാർക്ക് ശൈലിയിലുള്ള സ്‌ക്രീനിംഗും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു.താൻ ലിവർപൂളിന്‍റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ സഞ്ജു സാംസൺ ക്ലബ്ബിനോടുള്ള തന്‍റെ ആരാധന പങ്കുവെക്കുകയും ഫുട്‌ബോളുമായുള്ള തന്‍റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് വാചാലനാകുകയും ചെയ്തു.പരിപാടിയിൽ പങ്കെടുത്ത ആഴ്‌സണൽ ആരാധകരുടെ എണ്ണത്തിൽ ഓവൻ ആശ്ചര്യം പ്രകടിപ്പിച്ചു, ഇത് ഇന്ത്യയിൽ വളർന്നുവരുന്ന ഫുട്‌ബോൾ സംസ്കാരത്തെ എടുത്തുകാണിക്കുന്നുവെന്ന് ഓവന്‍ പറഞ്ഞു.