തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയം. ട്രിവാൻഡ്രം റോയൽസിനെ ഒമ്പത് റൺസിനാണ് കൊച്ചി തകർത്തത്.കൊച്ചി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ട്രിവാൻഡ്രത്തിന് ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. 37 പന്തിൽ 62 റൺസെടുത്താണ് സഞ്ജു പുറത്തായത്. അഞ്ചു സിക്സും നാലു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 30 പന്തിലാണ് അർധ സെഞ്ച്വറി കുറിച്ചത്.
ട്രിവാൻഡ്രത്തിനായി സഞ്ജീവ് സതിരേശൻ തകർപ്പ്് അർധ സെഞ്ച്വറി നേടിയെങ്കിലും ടീമിന് ജയിക്കാനായില്ല. 46 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 70 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്കായി ഓപ്പണർമാരായ സഞ്ജുവും വി. മനോഹരനും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 68 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 26 പന്തിൽ 42 റൺസെടുത്ത മനോഹരനെ അബ്ദുൽ ബാസിത് എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. നായകൻ സാലി സാംസൺ വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തിൽ ഒമ്പത് റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ആൽഫി ഫ്രാൻസിസ് ജോൺ (പൂജ്യം), ജോബിൻ ജോയ് (10 പന്തിൽ 26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നിഖിൽ 35 പന്തിൽ 45 റൺസെടുത്തും മുഹമ്മദ് ആഷിഖ് മൂന്നു പന്തിൽ ആറു റൺസെടുത്തും പുറത്താകാതെ നിന്നു.ട്രിവാൻഡ്രത്തിനായി അഭിജിത്ത് പ്രവീൺ മൂന്നു വിക്കറ്റ് വീഴ്ത്തി.