വിജയ് ഹസാരെ ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും സെഞ്ചുറി. മുംബൈക്ക് വേണ്ടി ഏഴുവർഷത്തിനു ശേഷം ഓപ്പണറായി ക്രീസിലെത്തിയ രോഹിത് ശർമയും 15 വർഷത്തെ ഇടവേളക്കുശേഷം ഡൽഹിക്കായി കളിക്കുന്ന വിരാട് കോഹ്‌ലിയും സെഞ്ച്വറി കുറിച്ചു. മുംബൈ ഓപണറായി ഇറങ്ങിയ രോഹിത്, സിക്കിമിനെതിരായ മത്സരത്തിലാണ് സെഞ്ച്വറി കുറിച്ചത്. 28 പന്തിൽ അർധസെഞ്ചുറി പിന്നിട്ട താരം 62 പന്തിലാണ് മൂന്നക്കം തികച്ചത്. 94 പന്തിൽ ഒമ്പത് സിക്സും 18 ഫോറും ഉൾപ്പെടെ 155 റൺസെടുത്താണ് രോഹിത് പുറത്തായത്. ഏഴു വർഷത്തിനു ശേഷം ടൂർണമെന്റിൽ കളിച്ച രോഹിത് 94 പന്തിൽ നിന്ന് 155 റൺസെടുത്തു. ഹിറ്റ്മാന്റെ ഇന്നിങ്‌സ് മികവിൽ എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ മുംബൈ, സിക്കിമിനെ എട്ടു വിക്കറ്റിന് കീഴടക്കി.
2010-11 സീസണു ശേഷം ആദ്യമായി വിജയ് ഹസാരെയിൽ കളിച്ച കോലി ആന്ധ്രപ്രദേശിനെതിരേ ഡൽഹിക്കായി 101 പന്തിൽ നിന്ന് 131 റൺസെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു.ഏകദിന ഫോർമാറ്റിൽ 150ലേറെ റൺസ് ഏറ്റവും കൂടുതൽ തവണ നേടുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ റെക്കോഡിനൊപ്പമെത്താൻ രോഹിത്തിനായി. ഒമ്പത് തവണയാണ് ഇരുവരും 150നു മേൽ സ്കോർ ചെയ്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ രോഹിത്തിന്റെ വേഗമേറിയ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ 63 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.അതേസമയം, ആന്ധ്രപ്രദേശ് ഉയർത്തിയ 299 റൺസ് വിജയലക്ഷ്യ പിന്തുടര്‍ന്ന ഡൽഹിക്ക് വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും പ്രിയാൻഷ് ആര്യ, നിതീഷ് റാണ എന്നിവരുടെ അർധ സെഞ്ച്വറിയുമാണ് കരുത്തായത്. 101 പന്തുകൾ നേരിട്ട കോഹ്‌ലി 14 ഫോറും മൂന്നു സിക്സും ഉൾപ്പടെ 131 റൺസടിച്ചു.
ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് നിലവിൽ ഇന്ത്യക്കായി കളിക്കുന്നത്.