Share this Article
News Malayalam 24x7
ഇനി എങ്ങോട്ടാണ് എംബാപ്പെ? ചോദ്യവുമായി ആരാധകർ
Kylian Mbappe PSG Contract Row

സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ( Kylian Mbappe) കൂടുമാറ്റമാണ് ഇപ്പോള്‍ കാല്‍പന്ത് കളി ലോകത്ത് ഏറെ ചര്‍ച്ചാവിഷയം. പി എസ് ജി ക്ലബ്ബ് മാനേജ്‌മെന്റിനോട് ഉടക്കിനില്‍ക്കുന്ന എംബാപ്പെ ഇതേവരെ മനംതുറക്കാത്തത് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

രാജ്യം തോറ്റ കളിയില്‍ രാജാവായി വാണ ഹീറോ. ലയണല്‍മെസിക്ക് പിന്നാലെ കിലിയന്‍ എംബാപ്പെ കൂടി ക്ലബ്ബ് വിട്ടാല്‍ പി എസ് ജിക്ക് അത് താങ്ങാനാകില്ല. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ഫ്രഞ്ച് ക്ലബ്ബ് എംബാപ്പെയ്ക്ക് മുന്നില്‍വച്ചത് നൂറ്റാണ്ടിന്റെ കരാറായിരുന്നു. 100 കോടി യൂറോ പ്രതിഫലത്തില്‍ 10 വര്‍ഷത്തെ കരാര്‍ മുന്നോട്ടുവച്ചിട്ടും എംബാപ്പെയുടെ മനം മാറ്റാന്‍ പി എസ്ജിക്ക് സാധിച്ചിട്ടില്ല. 

2024വരെ് പി എസ് ജിയില്‍ കരാര്‍ ഉള്ളതിനാല്‍ അടുത്ത സീസണില്‍ കൂടി ക്ലബ്ബില്‍ തുടര്‍ന്ന് ഫ്രീ ഏജന്റായി പാരീസ് വിടാനാണ് എംബാപ്പെയുടെ ആഗ്രഹം.ഇത് തിരിച്ചറിഞ്ഞ പിഎസ്ജി അധികൃതര്‍ താരത്തിന്റെ നീക്കത്തിനെതിരെ രംഗത്തുണ്ട്. താരത്തിന് വേണമെങ്കില്‍ കരാര്‍പുതുക്കി ക്ലബ്ബില്‍ തുടരാമെന്നും ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിട്ടുപോകാമെന്ന് കരുതേണ്ടതില്ലെന്നുമാണ് പി എസ് ജി പ്രസിഡന്റ് നാസര്‍ അല്‍ ഖിലൈഫി പ്രതികരിച്ചത്. 

ഉടക്കിനില്‍ക്കുന്ന എംബാപ്പെയെ ഏഷ്യന്‍ പര്യടനത്തിലെ പ്രീസീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പി എസ് ജി ഒഴിവാക്കിയിട്ടുണ്ട്.ഇതോടെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എംബാപ്പെയെ വെക്കുവാനുള്ള സാധ്യതകളും ഏറിയിട്ടുണ്ട്.

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് അതികായന്മാരായ ചെല്‍സിയും ആഴ്‌സണലുമെല്ലാം എംബാപ്പെയെ സ്വന്തമാക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്.2017ല്‍ 1746 കോടി രൂപയ്ക്കാണ് എംബാപ്പെ പി എസ് ജിയിലെത്തിയത്.260 മത്സരങ്ങളില്‍ പി എസ് ജി ജഴ്‌സി അണിഞ്ഞ താരം 212 ഗോളുകള്‍ നേടി.ലോകത്തിലെ ഏറ്റവും വിലയേറിയ താരത്തിന്റെ കൂടുമാറ്റം ഏത് ക്ലബ്ബിലേക്കെന്നാണ് നാടെങ്ങുമുള്ള കാല്‍പന്ത് കളി പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories