രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. 608 റണ്‍സ് ലക്ഷ്യമിട്ട് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് പതര്‍ച്ചയോടെ തുടക്കം. കളി അവസാനിക്കുമ്പോള്‍ 72 റണ്‍സിന് 3 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് സിംഗ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. 24 റണ്‍സോടെ ഒല്ലി പോപ്പും 15 റണ്‍സോടെ ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇറങ്ങിയ ആകാശ്ദീപിന്റെ പേസ് കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയത്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് അവസാനിക്കാന്‍ ഒരേ ഒരു ദിവസം ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ടിന് 536 റണ്‍സ് കൂടി വേണം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ടാണ് ജയിച്ചത്.