ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ഓവലില്‍ തുടക്കമാവും. പരമ്പര സമനിലയാക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ സമനില പൊരുതിനേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ജയം നേടി പരമ്പര സമനിലയാക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. വിക്കറ്റ് കീപ്പര്‍ ബാറ്റ്മാന്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. റിഷഭിന് പകരം ധ്രുവ് ജുറല്‍ ടീമിലെത്തും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചു. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തില്‍ തോല്‍വി വഴങ്ങിയപ്പോള്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ സമനില നേടാന്‍ ഇന്ത്യയ്ക്കായി.