മെൽബൺ: ഓസ്‌ട്രേലിയയ്ക്കതിരായ രണ്ടാം ടി20 മൽസരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഓസിസ് നാല് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസീസിന് ലീഡ് ആയി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 125 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഓസീസ് 13.2 ഓവറിൽ കളി തീർക്കുകയായിരുന്നു. തുടക്കം മുതലേ ഇന്ത്യൻ ബൗളർമാർ ഓസിസ് ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു.ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 51ൽ നിൽക്കെ 15 ബോളിൽനിന്ന് 28 റൺസെടുത്ത ഹെഡ് തിലക്‍വർമയുടെ മനോഹരമായ ബൗണ്ടറിലൈൻ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. വരുൺ ചക്രവർത്തിക്കായിരുന്നു വിക്കറ്റ്. അർധ സെഞ്ച്വറിക്കരികെ ക്യാപ്റ്റൻ മാർഷ് കുൽദീപ് യാദവിന്റെ ബോളിൽ അഭിഷേകിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നാലു സിക്സറും രണ്ടു ഫോറുമടക്കം 46 റൺസെടുത്തു. മൂന്നാമനായെത്തി 20 ബോളിൽ 20 റൺസെടുത്ത ഇംഗ്ലിസ് കുൽദീപിന്റെ ബോളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു.ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു. ടിം ഡേവിഡിനെ വരുൺ ചക്രവർത്തി സ്വന്തം ബോളിൽ പിടിച്ചു പുറത്താക്കുകയായിരുന്നു. മിച്ചൽ ഓവനേയും മാത്യു ഷോട്ടിനെയും ബുംറ എറിഞ്ഞിടുകയായിരുന്നു. ജയിക്കാൻ രണ്ടു റൺസ് മാത്രം വേണമെന്നിരിക്കെയായിരുന്നു ബുംറയുടെ മാസ്മരിക പ്രകടനം. പതിനാലാം ഓവറിൽ മാർക്കസ്‍ സ്റ്റോയിനിസ് ഓസീസിന്റെ വിജയ റൺസ് നേടുകയായിരുന്നു.
ഇന്ത്യക്കായി ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ഈരണ്ടു വിക്കറ്റുകൾ വീഴ്ത്തി.