സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. സെമിയില്‍ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സര്‍വ്വീസസാണ് കേരളത്തിന്റെ എതിരാളികള്‍.എട്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. കേരളത്തിന്റെ പതിനാറാം ഫൈനലാണ്. പഞ്ചാബിനെതിരെ മുഹമ്മദ് റിയാസ് ഇരട്ടഗോൾ നേടി.പതിനാറാം മിനിറ്റിൽ മുഹമ്മദ് അജ്സലിലൂടെയാണ് ഗോൾവേട്ട തുടങ്ങിയത്. 34ാം മിനിറ്റിലും 83ാം മിനിറ്റിലും റിയാസ് വല കുലുക്കി. 45ാം മിനിറ്റിൽ എം വിഘ്‌നേഷും ലക്ഷ്യം കണ്ടു.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വി അർജുൻ ഒരുക്കിയ കോർണറിൽ തലവച്ചാണ് അജ്സൽ കേരളത്തിന് ലീഡ് സമ്മാനിച്ചത്. രണ്ടാം ഗോളും അർജുവിന്റെ കോർണറിൽ നിന്നാണ്. ബിബിൻ അജയനിലേക്ക് നൽകിയ പന്ത്, ബിബിൻ റിയാസിന് കൈമാറി. വിങർ അനായാസം ലക്ഷ്യം കണ്ടു. ഇടവേളക്ക് മുമ്പ് അജ്സൽ ഒരുക്കിയ പാസിലാണ് വിഘ്‌നേഷ് ഗോൾ നേടിയത്.രണ്ടാം പകുതിയിൽ പകരക്കാരൻ ഇ സജീഷാണ് നാലാം ഗോളിന് വഴിയൊരുക്കിയത്.റെയിൽവേസിനെ രണ്ട് ഗോളിന് തോൽപ്പിച്ച് സർവീസസ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ. ഇരട്ടഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് വിജയശിൽപ്പി. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇരുപകുതിയിലുമായാണ് പട്ടാളപ്പട ഗോൾ നേടിയത്. എഴുതവണ ജേതാക്കളാണ് സർ വീസസ്. ഏറ്റവും ഒടുവിൽ 2023ൽ കിരീടമുയർത്തി. സർവീസസ് ടീമിൽ മൂന്നു മലയാളികളുണ്ട്. പി പി മുഹമ്മദ് ഷനൂസ്, വിജയ് ജെറാൾഡ്, ജിജോ ജെറോൺ എന്നിവർ.