കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും കൊച്ചിയിൽ കളിച്ചേക്കും. കേരളത്തിലെ അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നേരത്തേ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.കേരളത്തിലെത്തുന്നത് സംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ അടുത്തിടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.
നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്.