ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരം അഞ്ച് ഓവർ തീരും മുൻപ് മഴ എത്തിയെങ്കിലും തന്റെ പേരിൽ ഈ ചെറിയ സമയം കൊണ്ട് ഒരു റെക്കോർഡിട്ട് ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ. ടി20 ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയ അഭിഷേക് ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഈ നേട്ടം കൈവരിക്കുന്ന ബാറ്ററെന്ന ലോക റെക്കോര്‍ഡും സ്വന്തമാക്കി.
528 പന്തുകളിലാണ് അഭിഷേക് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സിലെത്തിയത്. 573 പന്തില്‍ 1000 റണ്‍സ് തികച്ചിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് അഭിഷേക് ഇന്ന് തിരുത്തിയെഴുതിയത്. ഫില്‍ സാള്‍ട്ട്(599 പന്തില്‍), ഗ്ലെന്‍ മാക്സ്‌വെല്‍(604 പന്തില്‍),ആന്ദ്രെ റസല്‍/ ഫിന്‍ അലൻ(609 പന്തില്‍) എന്നിവരാണ് അഭിഷേകിന് പിന്നിലുള്ളത്.ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററെന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്താനും അഭിഷേകിനായി. 28 ഇന്നിംഗ്സുകളില്‍ നിന്നാണ് അഭിഷേക് 1000 റണ്‍സിലെത്തിയത്. 27 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് തികച്ച വിരാട് കോലിയാണ് ഈ നേട്ടത്തില്‍ അഭിഷേകിന് മുന്നിലുള്ളത്. കെ എല്‍ രാഹുല്‍(29 ഇന്നിംഗ്സ്), സൂര്യകുമാര്‍ യാദവ്(31 ഇന്നിംഗ്സ്), രോഹിത് ശര്‍മ(40 ഇന്നിംഗ്സ്) എന്നിവരാണ് കോലിക്കും അഭിഷേകിനും പിന്നിലുള്ളത്.