Share this Article
News Malayalam 24x7
ഇന്ത്യയിൽ നിന്ന് വീണ്ടും ചെസ് ചാംപ്യൻ! ലോക ജൂനിയർ കിരീടം പ്രണവ് വെങ്കടേഷിന്
വെബ് ടീം
posted on 07-03-2025
1 min read
PRANAV

പെട്രോവാക്: ഇന്ത്യയിൽനിന്നു വീണ്ടുമൊരു ചെസ് ചാംപ്യൻ!. മോണ്ടെനെഗ്രോയിലെ പെട്രോവാക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാംപ്യൻഷിപ്പിൽ  പ്രണവ് വെങ്കടേഷാണു കിരീടം ചൂടിയത്. 63 രാജ്യങ്ങളിൽനിന്നെത്തിയ 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പടെ 157 താരങ്ങളെ പിന്നിലാക്കിയാണ് ഈ 18 വയസ്സുകാരൻ ലോകചാംപ്യനായത്.മാറ്റിച് ലോറെൻചിച്ചിനെതിരെ സമനിലയായതോടെയാണ് പ്രണവ് കിരീടമുറപ്പിച്ചത്.

വിശ്വനാഥൻ ആനന്ദിന്റെ കീഴിലുള്ള വെസ്റ്റ്ബ്രിജ് ആനന്ദ് ചെസ് അക്കാദമിയുടെ താരമാണ് പ്രണവ്. ലോകചാംപ്യൻ ഡി. ഗുകേഷും ആർ. പ്രഗ്നാനന്ദയും ഇവിടെയാണു പരിശീലിക്കുന്നത്.കർണാടക സ്വദേശിയാണ് പ്രണവ്.

കഴിഞ്ഞ വർഷം നവംബറിൽ ചെന്നൈയിൽ നടന്ന ചാലഞ്ചേഴ്സ് പോരാട്ടത്തിൽ വിജയിയായാണ് പ്രണവ് ആദ്യം വാർത്തകളിൽ ഇടം നേടുന്നത്. ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, റോണക് സാധ്വാനി, കാർത്തികേയൻ മുരളി എന്നിവർ മത്സരിച്ച ഗ്രാൻഡ്മാസ്റ്റർ ഇവന്റിലായിരുന്നു പ്രണവിന്റെ വിജയം.കഴിഞ്ഞ വർഷം ഡിസംബറിൽ സ്‍ലൊവേനിയയിൽ നടന്ന ലോക യൂത്ത് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 18 വിഭാഗത്തിൽ താരം രണ്ടു സ്വർണം വിജയിച്ചിരുന്നു. രണ്ടു വർഷം മുൻപ് മാഗ്നസ് കാൾസനെ തോൽപിച്ചും പ്രണവ് ചെസ് ആരാധകരെ ഞെട്ടിച്ചു. ഇന്ത്യയിൽനിന്നുള്ള 75–ാം ഗ്രാൻഡ്മാസ്റ്ററാണ് പ്രണവ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories