ദുബായ്:ടൂർണമെന്റിൽ മൂന്നാം വട്ടവും പാകിസ്ഥാനെ വീഴ്ത്തി ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. 5 വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. തിലക് വർമയുടെ അർധസെഞ്ചുറിയാണ് വിജയത്തിൽ കരുത്തായത്. സ്കോർ: പാകിസ്ഥാൻ: 146/10. ഇന്ത്യ: 150/5
പവർപ്ലേയിലെ തകർച്ചയ്ക്ക് പിന്നാലെ തിലക് വർമയും സഞ്ജുവും (21 പന്തിൽ 24) ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. പാകിസ്ഥാൻ ഉയർത്തിയ 147 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചു. ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശർമ (6 പന്തിൽ 5), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (5 പന്തിൽ 1), ഓപ്പണർ ശുഭ്മാൻ ഗിൽ (10 പന്തിൽ 12) എന്നിവർ തുടക്കത്തിലെ വീണു. അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിൽ അഭിഷേക് മടങ്ങി. ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്. ഇതോടെ 20/3 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. എന്നാൽ പിന്നീട് കളത്തിലെത്തിയ തിലക് വർമയും സഞ്ജുവും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 13-ാം ഓവറിൽ അബ്റാർ അഹ്മദിന്റെ പന്തിൽ ഫർഹാന് ക്യാച്ചായാണ് സഞ്ജു പുറത്തായത്. തുടർന്ന് ശിവം ദുബെ (22 പന്തിൽ 33) മികച്ച പിന്തുണ നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 146നാണ് പുറത്തായി. ഇന്ത്യൻ സ്പിന്നർമാർ ഒരുക്കിയ കെണിയിലാണ് പാക് താരങ്ങൾ വീണത്. എട്ടുപേർ രണ്ടക്കം കണാതെ പുറത്തായി. കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.