ടോക്കിയോ: 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിനു ഞെട്ടിക്കുന്ന തോൽവി. ഏഷ്യൻ ടീം അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ 3-2ന് ആണ് തകർത്തത്. രണ്ട് ഗോളിന് ലീഡ് നേടിയ ശേഷമായിരുന്നു കാനറികളുടെ തോൽവി.
ടോക്കിയോയിലെ അജിനോമോട്ടോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ആദ്യ പകുതിയിൽ ബ്രസീൽ രണ്ട് ഗോളിന്റെ ലീഡ് നേടി. 26ാം മിനിറ്റിൽ ഹെന്റികും, 32ാം മിനിറ്റിൽ ഗബ്രിയേൽ മാർടിനല്ലിയുമാണ് ടീമിനായി ഗോൾ കണ്ടെത്തിയത്.രണ്ടാം പകുതിയിൽ സർവ്വശക്തിയുമെടുത്ത് ജപ്പാൻ നടത്തിയ പ്രത്യാക്രമണത്തിലാണ് ബ്രസീൽ വീണുപോയത്. 52ാം മിനിറ്റിൽ തകുമി മിനാമിനോയി ടീമിനായി ആദ്യ ഗോൾ നേടി. പിന്നാലെ 62ാം മിനിറ്റിൽ കെയ്റ്റോ നകാമുറ സമനില പിടിച്ചു. ഫെയ്നൂർദ് താരം അയാസേ ഉയേദയുടെ 71-ാം മിനിറ്റിൽ വിജയഗോളും നേടി. ബ്രസീലിനെതിരെ ജപ്പാൻ ആദ്യമായാണ് ജയിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത അഞ്ച് ഗോളിന് സൗത്ത് കൊറിയയെ തോല്‍പ്പിച്ചിരുന്നു.