ക്വലൂൺ: ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. മഴ മൂലം കളി തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം രണ്ടു റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു.റോബിൻ ഉത്തപ്പ (11 പന്തിൽ 28), ഭരത് ചിപ്ലി (13 പന്തിൽ 24), സ്റ്റുവർട്ട് ബിന്നി (2 പന്തിൽ 4, ക്യാപ്റ്റൻ ദിനേഷ് കാർത്തിക് (6 പന്തിൽ 17*), അഭിമന്യു മിഥുൻ (5 പന്തിൽ 6) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.
ഉത്തപ്പ മൂന്നു സിക്സും രണ്ടു ഫോറുമടിച്ചു. ചിപ്ലി രണ്ടു സിക്സും രണ്ടു ഫോറുമടിച്ചപ്പോൾ, ഒരു സിക്സും രണ്ടു ഫോറുമാണ് കാർത്തിക്കിന്റെ ബാറ്റിൽനിന്നു പിറന്നത്. പാക്കിസ്ഥാനായി മുഹമ്മദ് ഷഹ്‌സാദ് രണ്ടു വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ ഓപ്പണർമാരായ ഖവാജദ് നഫായ് (9 പന്തിൽ 18*), മാസ് സദാഖത്ത് (3 പന്തിൽ 7) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ ഇരുവരും ചേർന്ന് 18 റൺസെടുത്തു. എന്നാൽ രണ്ടാം ഓവറിൽ, സദാഖത്തിന്റെ സ്റ്റുവർട്ട് ബിന്നി വീഴ്ത്തി. ഇതോടെ ആ ഓവറിൽ ഏഴു റൺസ് മാത്രമാണ് അവർക്കു നേടാനായത്.മൂന്നാം ഓവറിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. അപ്പോൾ 18 പന്തിൽനിന്ന് 46 റൺസാണ് പാക്കിസ്ഥാനു വേണ്ടിയിരുന്നത്.
എന്നാൽ മഴ മാറാതെ വന്നതോടെ മഴനിയമപ്രകാരം രണ്ടു റൺസിന് ഇന്ത്യ വിജയിക്കുകയായിരുന്നു.