അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ടൂർണമെന്റിലെ നാലാം മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാന്റെ 343 റൺസ് എന്ന റൺമല മറികടന്ന് രണ്ടു വിക്കറ്റ് ബാക്കിനിൽക്കെ പിന്തുടർന്ന് അവസാന പന്തിൽ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ കരൺ ലംബയുടെയും (119), ദീപക് ഹൂഡയുടെയും (86) ബാറ്റിങ് മികവിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ കേരളം ആദ്യ പന്തിലെ വിക്കറ്റ് നഷ്ടത്തിലും പതറാതെ പൊരുതി.
നേരിട്ട ആദ്യ പന്തിൽ നായകൻ രോഹൻ കുന്നുമ്മൽ (0) ക്ലീൻ ബൗൾഡായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ കൃഷ്ണ പ്രസാദും (53), ബാബ അപരാജിതും (116 പന്തിൽ 126 റൺസ്) ചേർന്ന് കേരളത്തിന്റെ മറുപടി ബാറ്റിങ്ങിന് അടിത്തറ പാകി. സ്കോർ 155ലെത്തി നിൽക്കെയാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. പിന്നീട് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീൻ (28), അങ്കിത് ശർമ (27) എന്നിവരിലൂടെ പതിയ റൺചേസ് തുടർന്നു. നാലാമനായി ബാബ അപരാജിത് മടങ്ങിയതോടെ പ്രതിസന്ധിയിലായ കേരള ബാറ്റിങ്ങിനെ മധ്യനിര പതിയെ പിടിച്ചു നിർത്തുകയായിരുന്നു.
അവസാന ഓവറുകളിൽ കളികൈവിട്ടുവെന്ന് ഉറപ്പിച്ചിരിക്കെ ഏഡൻ ആപ്പിൽ ടോമിന്റെ ബാറ്റിന് തീപ്പിടിച്ചു. 18 പന്തിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയുമായി 40 റൺസ് നേടിയ ആപ്പിൾ ടോമിന്റെ മാസ്മരിക ഇന്നിങ്സ് കേരള വിജയം ഉറപ്പിച്ച ശേഷമേ അവസാനിപ്പിച്ചുള്ളൂ. ഒമ്പതാം വിക്കറ്റിൽ ആപ്പിൾ ടോമും എം.ഡി നിധീഷും (2) പുറത്താകാതെ ക്രീസിൽ നിന്നു.