ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ അവസാനസ്ഥാനക്കാരായ ചെന്നൈയെയാണ് നേരിടുന്നതെങ്കിലും നാളത്തെ മത്സരം കൊല്‍ക്കത്തയ്ക്ക് നിര്‍ണായകമാണ്. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിക്കേണ്ടതുണ്ട്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം നാളെ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് കരുത്താവും. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, അങ്ക്രിഷ് രഘുവംശി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ബാറ്റിംഗിലും സുനില്‍ നരൈന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ബൗളിംഗിലും പ്രതീക്ഷ പകരും. ചെന്നൈ നിരയിലാകട്ടെ ആയുഷ് മാത്രെ, ശിവം ദൂബൈ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരാണ് ബാറ്റിംഗില്‍ കരുത്ത്. സ്പിന്നര്‍ നൂര്‍ അഹമ്മദ്, പേസര്‍മാരായ ഖലീല്‍ അഹമ്മദ്, മതീഷ പതിരണ എന്നിവര്‍ ബോളിംഗിലും പ്രതീക്ഷ നല്‍കുന്നുണ്ട്.