കൊച്ചി: അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. നീതു ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മികവുകാട്ടിയ ഹര്‍ലീന്‍ ഡിയോളും ടീമിലിടം നേടി.മലയാളി താരമായ മിന്നുമണിക്ക് ആദ്യ 15ൽ ഇടം ലഭിച്ചില്ല. ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
പരിക്കുമാറി പേസര്‍ രേണുകാ സിംഗ് താക്കൂർ ടീമില്‍ തിരിച്ചെത്തി. വനിതാ ഐപിഎല്ലിനുശേഷം രേണുക ഇന്ത്യക്കായി കളിച്ചിട്ടില്ലായിരുന്നു. ഷെഫാലി വർമ്മയ്‌ക്ക് ടീമിൽ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. ഓസ്ട്രേലിയ എക്കെതിരായ പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് താരം നേടിയത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബര്‍ 30ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. നവംബര്‍ രണ്ടിനാണ് ഫൈനല്‍.
ലോകകപ്പ് വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്‌മൃതി മന്ദാന (വിസി), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (WK), ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ (WK), സ്നേഹ് റാണ.
ഓസ്ട്രേലിയക്കെതിരായ ടീം: ഹർമൻപ്രീത് കൗർ (സി), സ്‌മൃതി മന്ദാന (വിസി), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (ഡബ്ല്യുകെ), ക്രാന്തി ഗൗഡ്, സയാലി സത്ഘരെ, രാധാ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ (WK), സ്നേഹ റാണ.