Share this Article
Union Budget
ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം; നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
cricket

ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ഫൈനല്‍ ഉള്‍പ്പടെ ശേഷിച്ച പതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലാണ് നടക്കുക. ബംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബംഗളുരു കൊല്‍ക്കത്തയെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. 


പ്ലേ ഓഫ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബംഗളുരു ഇറങ്ങുന്നത്. പതിനാറ് പോയിന്റുള്ള ബംഗളുരുവിന് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരു ജയം നേടിയാല്‍ പ്ലേ ഓഫിലെത്താന്‍ കളിയും. രജത് പാട്ടീദാര്‍ നയിക്കുന്ന ടീമില്‍ വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, ഫില്‍ സാള്‍ട്ട്, ജോഷ്  ഹെയ്‌സല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. 

പതിനൊന്ന് പോയിന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളിലെ ജയവും മറ്റുടീമുകളുടെ പ്രകടനവും നിര്‍ണായകമാകും. അജിങ്ക്യാ രഹാനെ നയിക്കുന്ന ടീമില്‍ അംഗൃഷ് രഹുവംശി, ആന്‍ഡ്ര റസല്‍, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ തുടങ്ങിയ താരങ്ങള്‍ കരുത്താകും. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. 

തുടര്‍ന്ന് സ്ഥിതി ശാന്തമായതോടെ പുതിയ മത്സരക്രമവും വേദികളും പ്രഖ്യാപിക്കുകയായിരുന്നു. കളിനിര്‍ത്തിവച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങള്‍ തിരിച്ചുവരുന്നതില്‍ ആശയക്കുഴപ്പമുണ്ടായത് ടീമുകള്‍ക്ക് തലവേദനയായിരുന്നു. പ്ലേ ഓഫ് അടുക്കുന്ന സാഹചര്യത്തില്‍ ജോസ് ബട്‌ലര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങള്‍ ടീമില്ലാത്തതു് പ്രതിസന്ധിയാകും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളും പ്ലേ ഓഫിന് മുന്നോടിയായി ഐപിഎല്‍ വിടാന്‍ സാധ്യതയുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories