അഹമ്മദാബാദ്: ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരായതിനു പിന്നാലെ ടൂര്‍ണമെന്റിലെ മികച്ച ടീമിനെ ഐസിസി പ്രഖ്യാപിച്ചു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് കിരീടം നിലനിര്‍ത്തിയ ഇന്ത്യൻ ടീമിൽ നിന്ന് നാല് താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടു. ടൂര്‍ണമെന്റിലെ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണും ടീമിലെത്തി. വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. ഇയാന്‍ ബിഷപ്പ്, ഇയോയിന്‍ മോര്‍ഗന്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍ ആണ് ഈ ടീമിലെ വിക്കറ്റ് കീപ്പര്‍.സഞ്ജുവിനൊപ്പം ഓപ്പണറായി പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ ടീമിലെത്തി. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് അദ്ദേഹം. ഏഴ് മത്സരങ്ങളില്‍ നിന്ന് 383 റണ്‍സാണ് താരം നേടിയത്. ഒരു ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും ഈ 29-കാരന്‍ സ്വന്തമാക്കിയിരുന്നു. കൂടെ സഞ്ജു. 5 മത്സരങ്ങളില്‍ നിന്ന് 80.25 ശരാശരിയില്‍ 321 റണ്‍സാണ് സഞ്ജു നേടിയത്. സെമിഫൈനലിലും (89) ഫൈനലിലും (89) ഒരുപോലെ തിളങ്ങിയ സഞ്ജു, തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 80-ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി.മൂന്നാമനായി ഇഷാന്‍ കിഷന്‍. 9 മത്സരങ്ങളില്‍ നിന്ന് 317 റണ്‍സാണ് കിഷന്‍ നേടിയത്. പാകിസ്ഥാനെതിരെ നേടിയ 77 റണ്‍സ് ടൂര്‍ണമെന്റിലെ മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നായിരുന്നു. ഫൈനലിലും നിര്‍ണ്ണായകമായ 54 റണ്‍സ് താരം സംഭാവന ചെയ്തു. ടീമിന്റെ നയിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ്. ദക്ഷിണാഫ്രിക്കയെ സെമിഫൈനല്‍ വരെ നയിച്ച മാര്‍ക്രം ആണ് ടീമിന്റെ നായകന്‍. 286 റണ്‍സും നിര്‍ണ്ണായക വിക്കറ്റുകളും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഉള്‍പ്പെട്ടു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമായി. 217 റണ്‍സും 9 വിക്കറ്റുകളും വീഴ്ത്തി. സിംബാബ്വെക്കെതിരെ 23 പന്തില്‍ നേടിയ 50 റണ്‍സ് ശ്രദ്ധേയമായി. ഈ ലോകകപ്പിലെ കണ്ടെത്തലായ വില്‍ ജാക്‌സും ടീമില്‍ ഉള്‍പ്പെട്ടു. ഇംഗ്ലണ്ടിന് വേണ്ടി ഫിനിഷറുടെ റോളില്‍ തിളങ്ങിയ താരം 226 റണ്‍സും 9 വിക്കറ്റുകളും നേടി. ഷെയ്ന്‍ വോണിനൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് (4 തവണ) അവാര്‍ഡുകള്‍ എന്ന നേട്ടത്തിലും ജാക്‌സ് എത്തി.പേസ് ഓള്‍റൗണ്ടറായി വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറും ടീമിലെത്തി. ഹോള്‍ഡര്‍ 10 വിക്കറ്റുകളും 141 റണ്‍സും നേടി. നേപ്പാളിനെതിരായ മത്സരത്തില്‍ 27 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ജസ്പ്രിത് ബുംറ പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കും. 8 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.. ഫൈനലില്‍ 15 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി പ്ലെയര്‍ ഓഫ് ദി മാച്ച് ആയി. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ താനാണെന്ന് ബുംറ ഒരിക്കല്‍ കൂടി തെളിയിച്ചു.
പേസ് ബൗളിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കുന്തമുനയായിരുന്നു ലുങ്കി എന്‍ഗിഡിയും ടീമിലുണ്ട്. 7 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്കെതിരായ മത്സരത്തില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ കാണിച്ച മിതത്വം ശ്രദ്ധിക്കപ്പെട്ടു. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്. ശ്രീലങ്കന്‍ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിന് വലിയ മുന്‍തൂക്കം നല്‍കിയ താരം 13 വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ടീമിലിടം ലഭിച്ചില്ല. സിംബാബ്വെയുടെ അവിശ്വസനീയമായ കുതിപ്പിന് പിന്നിലെ പ്രധാനിയായ ബ്ലെസിംഗ് മുസറബാനിയും ടീമിലെത്തി. ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ആകെ 13 വിക്കറ്റുകള്‍. അമേരിക്കയുടെ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് 12ാമന്‍. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച ബൗളര്‍. ഇന്ത്യക്കെതിരെയും പാകിസ്ഥാനെതിരെയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി വിസ്മയിപ്പിച്ചു.
ടി20 ലോകകപ്പിലെ ടീം: സാഹിബ്‌സാദ ഫര്‍ഹാന്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, വില്‍ ജാക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ജസ്പ്രിത് ബുംറ, ലുങ്കി എന്‍ഗിഡി, ആദില്‍ റഷീദ്, ബ്ലെസിംഗ് മുസറബാനി, ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് (12-ാമന്‍).