ബ്യൂണസ് ഐറിസ്: ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി(68) അന്തരിച്ചതായി റിപ്പോർട്ട്. അർജന്റീന മാധ്യമമായ ‘ഇൻഫോബേ'യാണ് റിപ്പോർട്ട് ചെയ്തത്. അർജന്റീനൻ സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
68-കാരനായ ഹോർഹെ മെസ്സി ഏറെക്കാലമായി ചികിത്സയിലായിരുന്നു.ഈ ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരശേഷം മെസ്സി പിതാവിനെയോർത്ത് കരഞ്ഞിരുന്നു. അൾജീരിയയ്‌ക്കെതിരായ ആദ്യ ഗോളിന് ശേഷമാണ് മെസ്സി കരഞ്ഞത്. ഹോർഹെയുടെ മോശം ആരോഗ്യാവസ്ഥയായിരുന്നു അതിന് കാരണം. മെസ്സിയുടെ മത്സരങ്ങൾ കാണാൻ അദ്ദേഹത്തിന് സ്‌റ്റേഡിയത്തിൽ വരാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യമല്ല ഇതിന് പിന്നിലെന്നും മെസ്സി വ്യക്തമാക്കിയിരുന്നു.
മെസ്സിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും വലിയ കരുത്തായിരുന്നു ജോർജ് മെസ്സി. കളിക്കളത്തിനപ്പുറം മകന്റെ ഔദ്യോഗിക സഹായിയായും ബിസിനസ്സ് കാര്യങ്ങളുടെ മാനേജറായും പ്രവർത്തിച്ചിരുന്നത് അദ്ദേഹമായിരുന്നു.റോസാരിയോയിൽ ആണ് ജോർജ് മെസ്സിയുടെ ജനനം. സ്റ്റീൽ ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുന്നതിനിടെയാണ് മകന്റെ ഫുട്ബോൾ പ്രതിഭ തിരിച്ചറിഞ്ഞത്. പിന്നീട് ജീവിതം പൂര്‍ണമായും മകനായി മാറ്റിവയ്ക്കുകയായിരുന്നു. മകന്റെ കരിയറിലെ സുപ്രധാന കരാറുകൾ ചർച്ച ചെയ്ത് ഉറപ്പിച്ചതും ഫുട്ബോൾ ലോകത്തെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതും ജോര്‍ജ് ആയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് വരാന്‍ പലപ്പോഴും തയാറായിരുന്നില്ല. സെലിയ കുക്കിറ്റിനിയാണ് ഭാര്യ. റോഡ്രിഗോ, മാറ്റിയാസ്, ലയണല്‍, മരിയ സോൾ എന്നിവരാണ് മക്കൾ.