Share this Article
News Malayalam 24x7
അതിവേഗ സെഞ്ചുറിയുമായി അഭിഷേക്, അർദ്ധ സെഞ്ചുറിയുമായി സഞ്ജു; അഫ്ഗാന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം
വെബ് ടീം
1 hours 33 Minutes Ago
1 min read
cricket

ന്യൂഡൽഹി: അഫ്‌ഗാനെതിരെ അഭിഷേക് ശർമയുടെ റെക്കോർഡ് വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ അർദ്ധ സെഞ്ചുറിയുമായി ഇന്ത്യയുടെ റണ്ണഭിഷേകം.  മൂന്നാം ടി20-യിൽ 222 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. 30 പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. 34 പന്തിൽ 108 റൺസെടുത്താണ് അഭിഷേക് പുറത്തായത്. സഞ്ജു അർധ സെഞ്ചുറിയോടെ തിളങ്ങി.

ആദ്യ ഓവറുകൾ മുതൽതന്നെ അഭിഷേക് ശർമ അടിച്ചുതുടങ്ങി. ആദ്യ രണ്ടോവറിൽ ടീം 22 റൺസിലെത്തി. മൂന്നാം ഓവറിൽ അഭിഷേകിന്റെ താണ്ഡവമായിരുന്നു. രണ്ട് സിക്‌സറും രണ്ട് ഫോറും ഉൾപ്പെടെ അഭിഷേക് ഓവറിൽ 22 റൺസെടുത്തു. നാലാം ഓവറിൽ 11 റൺസ് പിറന്നതോടെ ഇന്ത്യൻ സ്‌കോർ അമ്പത് കടന്നു.അഞ്ചാം ഓവറിൽ സഞ്ജുവും വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും സഞ്ജു അതിർത്തികടത്തി. പിന്നാലെ അഭിഷേക് സിക്‌സറോടെ അർധസെഞ്ചുറി തികച്ചു. 16 പന്തിലാണ് ഫിഫ്റ്റി തികച്ചത്. പിന്നീട് ഫോറും സിക്‌സറും അടിച്ചതോടെ ഓവറിൽ പിറന്നത് 29 റൺസ്. ആറാം ഓവറിലും അഭിഷേക് കത്തിക്കയറി. ഓവറിൽ 15 റൺസാണ് ഇന്ത്യൻ സഖ്യം അടിച്ചെടുത്തത്. അതോടെ, ആറോവറിൽ ഇന്ത്യ നൂറുറൺസിലെത്തി.

വെടിക്കെട്ട് തുടർന്ന അഭിഷേക് ഒൻപതാം ഓവറിൽ സെഞ്ചുറിയും തികച്ചു. 30 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. ടി20-യിലെ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചുറിയാണിത്. പിന്നാലെ പത്താം ഓവറിൽ താരം പുറത്തായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories