ന്യൂഡൽഹി: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി മത്സരത്തിന് മുൻപ് ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചു. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായാണ് ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് മുൻപായി ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ദേശീയ ഗാനത്തിന് മുൻപ് ദേശീയഗീതം ആലപിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചാണ് ഈ നടപടി.
ടോസിന് ശേഷം വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിച്ചതിനെ തുടർന്ന് മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ പതിവിലും നീണ്ടുനിന്നു. ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പിലോ ജൂണിൽ നടന്ന അഫ്ഗാനിസ്താനെതിരായ ഉഭയകക്ഷി പരമ്പരയിലോ ദേശീയ ഗീതം ആലപിച്ചിരുന്നില്ല.
ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ജനഗണമനയ്ക്ക് മുൻപായി ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 28-ന് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ജൂലായിൽ പുറപ്പെടുവിച്ച ആശയവിനിമയത്തിലൂടെ സർക്കാർ ഈ ഉത്തരവ് ആവർത്തിക്കുകയും ചെയ്തു.