മോഖി (ചൈന): പാകിസ്താനെതിരെ ഗോൾമഴയുമായി ഇന്ത്യൻ വനിതകൾ. പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമി ഫൈനലിൽ. ചൈനയിലെ മോഖിയിൽ നടന്ന മത്സരത്തിലാണ് ടൂർണമെന്റിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ഇന്ത്യ സ്വന്തമാക്കിയത്. തുടക്കം മുതൽ ഫൈനൽ വിസിൽ വരെ അറ്റാക്കിങ് ഗെയിമാണ് ഇന്ത്യ പുറത്തെടുത്തത്.പൂജാ മാലിക് ഹാട്രിക് നേടിയപ്പോൾ നാല് താരങ്ങളാണ് ഇരട്ട ഗോളുകൾ കണ്ടെത്തിയത്. റോഷ്‌നി, സാനിക, മധു, സുപ്രിയ എന്നവരാണ് രണ്ട് ഗോൾ വീതം നേടിയത്. പകരക്കാരായി ഇറങ്ങിയവരുൾപ്പെടെ 13 താരങ്ങളാണ് ഇന്ത്യക്കായി വല കുലുക്കിയത്.
18 പെനാൽറ്റി കോർണറുകളും ഒരു പെനാൽറ്റി സ്‌ട്രോക്കുമാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാൽ ഒരൊറ്റ ഗോൾ പോലും നേടാതിരുന്ന പാകിസ്താന് പെനാൽറ്റി കോർണറോ പെനാൽറ്റി സ്‌ട്രോക്കോ ലഭിച്ചതുമില്ല.