അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു തോൽവി.ഇതോടെ പരമ്പരയും ഓസിസ് സ്വന്തമാക്കി. രണ്ടു വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ അഡ്‍ലെയ്ഡിൽ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 46.2 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2–0ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം 25ന് സിഡ്നിയിൽ നടക്കും.
മാത്യു ഷോർട്ടും (78 പന്തിൽ 74), കൂപർ കോണോലിയും (53 പന്തിൽ 61) ഓസീസിനായി അർധ സെഞ്ചറി നേടി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ഭേദപ്പെട്ട തുടക്കമായിരുന്നു ഓസ്ട്രേലിയയ്ക്കു ലഭിച്ചത്. ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് നേടിയത് 30 റൺസ്. 11 റൺസെടുത്ത മിച്ചൽ മാർഷിനെ അർഷ്ദീപ് സിങ് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഹർഷിത് റാണയുടെ പന്തിൽ ട്രാവിസ് ഹെഡും പുറത്തായെങ്കിലും, മാത്യു ഷോർട്ടും മാറ്റ് റെൻഷോയും ചേർന്ന കൂട്ടുകെട്ട് ഓസീസിനെ 100 കടത്തി. ഷോർട്ട് അർധ സെഞ്ചറിയുമായി തിളങ്ങിയതോടെ ഇന്ത്യയുടെ കയ്യിൽ നിന്നും മത്സരം വഴുതി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ഓസീസിന് 265 റൺസ് വിജയലക്ഷ്യം. അർധസെഞ്ചറി നേടിയ രോഹിത് ശർമ (97 പന്തിൽ 73), ശ്രേയസ്സ് അയ്യർ (77 പന്തിൽ 61), അക്ഷർ പട്ടേൽ (41 പന്തിൽ 44) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്കു കരുത്തായത്. അവസാന ഓവറുകളിൽ ഹർഷിത് റാണ (18 പന്തിൽ 24*), അർഷ്ദീപ് സിങ് (14 പന്തിൽ 13) എന്നിവരുടെ ബാറ്റിങ്ങും ടോട്ടൽ 260 കടക്കുന്നതിനു സഹായിച്ചു.