കൊൽക്കത്ത: അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. മുഖ്യമന്ത്രി മമത ബാനർജിക്കാണ് കായികമന്ത്രി രാജി കത്ത് കൈമാറിയത്.സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താൻ രാജിവെക്കുന്നത് എന്നാണ് രാജി കത്തിൽ വ്യക്തമാക്കുന്നത്. മന്ത്രിസഭയിലെ മമതാ ബാനർജിയുടെ വിശ്വസ്തരിലൊരാളാണ് അരൂപ് ബിശ്വാസ്.
മെസി പങ്കെടുത്ത പരിപാടിയുടെ സംഘാടകവീഴ്ച പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് കായിക മന്ത്രിയുടെ രാജി. സംഭവത്തിന് പിന്നാലെ ഡിജിപി, കായിക യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സർക്കാർ വീഴ്ചയാണ് സ്റ്റേഡിയത്തിൽ കണ്ടതെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായി ബംഗാൾ ഗവർണർ സി വി ആനന്ദബോസ് വ്യക്തമാക്കി.മെസിയെ ശരിക്കും കാണാനായില്ലെന്ന് ആരോപിച്ച് രോക്ഷാകുലരായ ആരാധകർ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഫുട്ബോൾ മിശിഹായെ കാണാൻ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. 5000 മുതൽ 25,000 രൂപ വരെയായിരുന്നു കൊൽക്കത്തയിലെ GOAT TOUR ടിക്കറ്റ് വില.