Share this Article
News Malayalam 24x7
ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്‌സ്; ആദ്യ പോയിന്റ്
വെബ് ടീം
posted on 14-03-2026
1 min read
BLASTERS

കൊൽക്കത്ത: ഐഎസ്‌എലിലെ ആവേശകരമായ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് , സീസണിൽ അക്കൗണ്ട് തുറന്നു. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്‌സൽ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് 1-1 എന്ന നിലയിൽ സമനില പിടിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ഗ്രൂപ്പിൽ 12മതാണ് ബ്ലാസ്റ്റേഴ്‌സ്.

സന്ദീപ് സിങ്, ഐബാൻ, ഹോർമിപാം റൂയിവ, ഫാലോ എൻഡിയായെ, നവോച്ച സിങ് എന്നിവരടങ്ങിയ പ്രതിരോധ നിരയെയാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാല ഇന്ന് കളത്തിലിറക്കിയത്. വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, എബിദാസ് എന്നിവർ മധ്യനിരയിലും കെവിൻ യോക്ക്, മുഹമ്മദ് അജ്‌സൽ എന്നിവർ മുന്നേറ്റനിരയിലും അണിനിരന്നു. സെനഗൽ താരം ഫാലോ എൻഡിയായെയുടെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്ന്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് പത്താം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത സ്‌പെയിൻ താരം എസെജാരി ലക്ഷ്യം കണ്ടതോടെ ആതിഥേയർ ലീഡ് നേടി. ഗോൾ വഴങ്ങിയെങ്കിലും പതറാതെ കളിച്ച ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി മികച്ച മുന്നേറ്റങ്ങൾ നടത്തി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഫാലോ നടത്തിയ ഹെഡർ ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്.രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ലീഡ് വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ തട്ടി ലക്ഷ്യം കാണാതെ പോകുക ആയിരുന്നു. ഒടുവിൽ ഇൻജുറി ടൈമിൽ (90+2 മിനിറ്റ്) ലഭിച്ച കോർണർ കിക്ക് കൃത്യമായി തലകൊണ്ട് വലയിലെത്തിച്ച് മുഹമ്മദ് അജ്‌സൽ ബ്ലാസ്റ്റേഴ്‌സിന് സമനില സമ്മാനിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories