ഇന്ന് രാത്രി 7.30ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മത്സരം മാറ്റിവെക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി. തൃശ്ശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള ആവേശകരമായ പോരാട്ടമാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പും വോട്ടെണ്ണലും, അതോടൊപ്പം ശബരിമല സീസൺ കൂടി ആയതിനാൽ ആവശ്യത്തിന് പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിക്കാൻ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് കമ്മീഷണറുടെ ഈ നടപടി. വോട്ടെണ്ണൽ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കാനാണ് നിർദ്ദേശം. നിർദ്ദേശം ലംഘിച്ച് മത്സരം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘാടകരായ സൂപ്പർ ലീഗ് കേരള അധികൃതർക്കും ഇരു ടീമുകൾക്കും പൊലീസ് കത്ത് നൽകി.
മത്സരം മാറ്റിവെക്കാനുള്ള ഈ തീരുമാനം ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.