ഏഷ്യാ കപ്പിൽ കളിക്കുന്ന മലയാളി താരം സഞ്‌ജു സാംസൺ അടിച്ചുപൊളിക്കുന്നത് കാണാൻ കാത്തിരിക്കുന്ന മലയാളികൾക്ക് മുന്നിൽ ഇതാ അലിഷാൻ ഷറഫുവിന്റെ ഒന്നൊന്നര ബാറ്റിംഗ്. ഒമാനെതിരെ യുഎഇയ്ക്ക് വേണ്ടി അർധ സെഞ്ച്വറി നേടിയിരിക്കുകയാണ് മലയാളിയായ 22 കാരൻ അലിഷാൻ ഷറഫു. 38 പന്തിൽ ഒരു സിക്‌സറും ഏഴ് ഫോറുകളും അടക്കം 51 റൺസാണ് ഷറഫു നേടിയത്.ഷറഫുവിന്റെ മികവിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു എ ഇ ടോസ് നഷ്ടപ്പെട്ട് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി.
54 പന്തിൽ മുഹമ്മദ് വസീം 69 റൺസ് നേടി. മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. സൊഹൈബ് ഖാൻ 21 റൺസും ഹർഷിത് കൗശിക് 19 റൺസും നേടി. കഴിഞ്ഞ മത്സരത്തിൽ ഒമാൻ 93 റൺസിന് പാകിസ്താനുമായും യു എ ഇ ഇന്ത്യയോട് ഒമ്പത് വിക്കറ്റിനോടും തോറ്റിരുന്നു.കഴിഞ്ഞ മത്സരത്തിലും യു എ ഇ യ്ക്ക് വേണ്ടി ഷറഫു തിളങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ 17 പന്തിൽ 22 റൺസുമായി ടീമിന്റെ ടോപ് സ്കോററായിരുന്നു. ആ മത്സരത്തിൽ യു എ ഇ 13.1 ഓവറില്‍ 57 റണ്‍സിനു ഓള്‍ ഔട്ടായി. മറുപടി പറഞ്ഞ ഇന്ത്യ 4.3 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 60 റണ്‍സെടുത്താണ് വിജയിച്ചത്.യുഎഇ അണ്ടർ 19 ടീമിന്റെ നായകനായിരുന്നു അലിഷാൻ ഷറഫു. ഈ വിഭാഗത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ യുഎഇ താരമെന്ന അപൂർവ നേട്ടവും അലിഷാനുണ്ട്. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റേയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടേയും മകനാണ് അലിഷാൻ ഷറഫു.