വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റിച്ചയുടെ പവർ ഹിറ്റിങ്ങിന്റെ സഹായത്തോടെ ഭേദപ്പെട്ട സ്‌കോറുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 251 റണ്‍സില്‍ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ 102 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷാണ് അവിശ്വസനീയമാം വിധം കൈപിടിച്ചുയര്‍ത്തിയത്.
എട്ടാം സ്ഥാനത്ത് ബാറ്റിങിനെത്തിയ റിച്ച 77 പന്തുകള്‍ നേരിട്ട് 11 ഫോറും 4 സിക്‌സും സഹിതം 94 റണ്‍സുമായി പൊരുതി നിന്നു. അര്‍ഹിച്ച കന്നി ഏകദിന സെഞ്ച്വറിക്ക് 6 റണ്‍സ് അകലെ റിച്ച വീണത് മാത്രം നിരാശയായി.9ാം വിക്കറ്റില്‍ സ്‌നേഹ് റാണയുമായി ചേര്‍ന്നു റിച്ച 80 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത് നിര്‍ണായകമായി. സ്‌നേഹ് റാണ 24 പന്തില്‍ 6 ഫോറുകള്‍ സഹിതം 33 റണ്‍സുമായി മടങ്ങി.
ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ട ശേഷമാണ് ഇന്ത്യ പിന്നീട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. പിന്നീടാണ് റിച്ചയുടെ നേതൃത്വത്തിലുള്ള തിരിച്ചടി.ഓപ്പണര്‍ പ്രതിക റാവല്‍- സ്മൃതി മന്ധാന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും പുറത്തായ ശേഷം ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. പ്രതിക 37 റണ്‍സുമായും സ്മൃതി 23 റണ്‍സുമായും മടങ്ങി. ഹര്‍ലീന്‍ ഡിയോള്‍ 13 റണ്‍സുമായും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9), ജെമിമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. അമന്‍ജോത് കൗര്‍ 13 റണ്‍സെടുത്തു.ക്ലോ ട്ര്യോൺ 3 വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേകോ മ്ലാബ, മരിസാനെ കാപ്, നദിനെ ഡി ക്ലാര്‍ക്ക് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. തുമി സെഖുഖുനെ ഒരു വിക്കറ്റെടുത്തു.
അതേ സമയം വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ധാന. 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്താണ് സ്മൃതി പുതിയ നാഴികക്കല്ല് താണ്ടിയത്.വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സ്മൃതി മാറി. ഇതിഹാസ ഓസ്‌ട്രേലിയന്‍ താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന മെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡാണ് സ്മൃതി പഴങ്കഥയാക്കിയത്.ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തിലാണ് സ്മൃതിയുടെ നേട്ടം.
17 ഇന്നിങ്‌സുകളില്‍ നിന്നായി സ്മൃതി 2025 കലണ്ടര്‍ വര്‍ഷം അടിച്ചുകൂട്ടിയത് 982 റണ്‍സ്. 1997ല്‍ മെലിന്‍ഡ സ്ഥാപിച്ച 970 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തം പേരിലേക്ക് മാറ്റിയത്. 57.76 റണ്‍സ് ശരാശരിയില്‍ 112.22 സ്‌ട്രൈക്ക് റേറ്റിലുമാണ് നേട്ടം. 4 സെഞ്ച്വറികളും 3 അര്‍ധ സെഞ്ച്വറികളുമാണ് താരം ഇക്കാലയളവില്‍ അടിച്ചുകൂട്ടിയത്.